തിരുവനന്തപുരം: നവകേരള സദസ് വൻപരാജയമാണെന്നും ജനങ്ങൾക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും രമേശ് ചെന്നിത്തല. സർക്കാരിന്റെ പരാജയം മറയ്ക്കാനുള്ള പാഴ്‌വേലയാണിതെന്നും സർക്കാർ മെഷിനറിയെ ദുരുപയോഗം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ പരാതി നൽകാൻ ഒരാൾക്കും സാധിക്കുന്നില്ലെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
"എന്തിനാണ് മുഖ്യമന്ത്രി നവകേരള സദസ് നടത്തുന്നത്, പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയക്കളി മാത്രമാണിത്. തിരഞ്ഞെടുപ്പ് പ്രചാരണം എൽ.ഡി.എഫിന്റെ ബാനറിൽ നടത്തണമായിരുന്നു. സഖാക്കൾ നിർബന്ധിച്ചാണ് ആളുകളെ എത്തിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരെയും കുടുംബശ്രീക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തി കൊണ്ടു വരികയാണ്. ഉമ്മൻചാണ്ടിയും കരുണാകരനും നടത്തിയ മാതൃകയിലുള്ള ജനസമ്പർക്കമായിരിക്കും ഇതെന്നാണ് കരുതിയത്. പി.ആർ ഏജൻസിയുടെ ബുദ്ധിയാണ് നവകേരള സദസ്", രമേശ് ചെന്നിത്തല പറഞ്ഞു.
സർക്കാർ പരിപാടിയിൽ രാഷ്ട്രീയ വിമർശനം ഉയർത്തുന്നത് ശരിയാണോയെന്ന് ചോദിച്ച രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി നടത്തിയത് വില കുറഞ്ഞ അഭിപ്രായ പ്രകടനമെന്നും കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഡിവൈഎഫ്ഐക്കാർക്ക് അക്രമം നടത്താൻ ലൈസൻസ് നൽകുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പദത്തിന് യോജിച്ച വാക്കുകളല്ല പിണറായിയുടേതെന്നും മുഖ്യമന്ത്രി ഇപ്പോഴും പാർട്ടി സെക്രട്ടറിയുടെ റോളിൽ തന്നെയാണുള്ളതന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്താവന അതിരുകടന്നു. തിരഞ്ഞെടുപ്പിൽ വോട്ട് ഉറപ്പിക്കാനുള്ള രാഷ്ട്രീയ നാടകമാണിത്. ജനപിന്തുണ ലഭിക്കാത്തതിനാൽ കോൺഗ്രസിനെതിരെയും യു.ഡി.എഫിനെതിരെയും ആരോപണങ്ങൾ ഉയർത്തുന്നു. നവകേരള സദസ് പരിപൂർണ്ണ പരാജയമാണ്. അതിൽ യു.ഡി.എഫിന് ഒരു അങ്കലാപ്പുമില്ല. സദസ് എൽ.ഡി.എഫിന് തിരിച്ചടിയാകും. യു.ഡി.എഫിന് ഗുണം ചെയ്യും. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞ വാക്കുകൾ പിൻവലിക്കണമെന്നും ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.