തിരുവനന്തപുരം: അപൂർവരോഗം ബാധിച്ച രണ്ടുവയസുകാരനേയും മാതാവിനേയും ബി.ജെ.പി നേതാവ് സുരേഷ് ഗോപി അപമാനിച്ചുവെന്ന വാർത്തകളിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സഹായം ചോദിച്ച് വരുന്നവർക്ക് സ്നേഹത്തണൽ ഒരുക്കുന്നതാണ് കേരളത്തിന്റെ സംസ്കാരമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ആട്ടിയോടിക്കുകയല്ല ചേർത്തുപിടിക്കുകയാണ് കേരളം ചെയ്യുകയെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
കോയമ്പത്തൂർ സ്വദേശിയും മലയാളിയുമായ സിന്ധുവാണ് സുരേഷ് ഗോപിയോട് അസുഖം ബാധിച്ച കുഞ്ഞിന് സഹായം നൽകണമെന്ന് അഭ്യർഥിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു അവരുടെ സഹായ അഭ്യർഥന. എന്നാൽ, പരിഹാസരൂപത്തിൽ എം.വി ഗോവിന്ദനെ പോയി കാണാനായിരുന്നു സുരേഷ് ഗോപി സിന്ദുവിനോട് ആവശ്യപ്പെട്ടത്. എം.വി ഗോവിന്ദൻ ആരാണെന്ന് അറിയാതിരുന്ന സിന്ധു സുരേഷ് ഗോപിയുടെ പരിഹാസം മനസിലാക്കാതെ ക്ഷേത്രത്തിലെത്തിയവരോട് ഇതേക്കുറിച്ച് അന്വേഷിച്ചു.
ഒടുവിൽ ക്ഷേത്രത്തിലെത്തിയ ആളുകളാണ് സിന്ധുവിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയത്. ഇതോടെ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് കൈക്കുഞ്ഞുമായി സിന്ധു കരഞ്ഞു. പിന്നീട് ക്ഷേത്രത്തിൽ ഉണ്ടായിരുന്നവരാണ് സിന്ധുവിനെ സമാധാനിപ്പിച്ചത്. ഇത് വാർത്തയായതോടെയാണ് വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇടപ്പെട്ടത്.
കുട്ടിയുടെ കുടുംബവുമായി ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്ന് എം.വി ഗോവിന്ദൻ അറിയിച്ചു. കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ ഇവരെ നേരിൽ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.