കാക്കനാട്: സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരൻ കിണറ്റിൽ വീണു. കിണറ്റിൽ ചാടാൻ തുനിഞ്ഞ മാതാവിനെ തള്ളി മാറ്റി പത്താം ക്ലാസുകാരൻ ആഴമുള്ള കിണറ്റിലേക്ക് എടുത്തുചാടി അനിയനെ രക്ഷപ്പെടുത്തി. പിന്നാലെയെത്തിയ പിതാവും അതിഥിത്തൊഴിലാളിയും കിണറ്റിൽ ഇറങ്ങി ഇരുവരെയും വെള്ളത്തിൽ മുങ്ങാതെ പിടിച്ചു നിർത്തി.
വ്യാഴാഴ്ച വൈകീട്ട് നാലരയോടെ തൃക്കാക്കര കരിമക്കാട് കളപ്പുരയ്ക്കൽ കെ.എം. ഷെഫീക്കിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഷഫീക്കിന്റെയും അനീഷയുടെയും ഇളയ മകൻ മുഹമ്മദ് ആണ് ഇവരുടെ വീട്ടുവളപ്പിലെ കിണറ്റിൽ വീണത്. മൂത്ത സഹോദരൻ മുഹമ്മദ് ഫർഹാൻ (15) കിണറ്റിൽ ചാടി അനിയനെ രക്ഷപ്പെടുത്തുകയായിരുന്നു. മറ്റു സഹോദരങ്ങളായ സൗബാൻ ,ഫാത്തിമ എന്നിവർക്കൊപ്പം ആൾമറയുള്ള കിണറിനു സമീപം ഇരുന്നു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസ്സുകാരൻ മുഹമ്മദ് കിണറ്റിലേക്ക് എത്തി നോക്കിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു.
ഈ സമയം മാതാവ് അനീഷയും മൂത്ത മകൻ മുഹമ്മദ് ഫർഹാനും വീടിനകത്തായിരുന്നു. മക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ അനീഷ നോക്കുമ്പോൾ കിണറ്റിൽ മുങ്ങി താഴുകയായിരുന്നു കുട്ടി. കിണറ്റിലേക്ക് ഇറങ്ങാൻ നോക്കിയ മാതാവിനെ മാറ്റി മുഹമ്മദ് ഫർഹാൻ എടുത്തു ചാടുകയായിരുന്നു. മുങ്ങിത്താഴ്ന്ന അനിയനെ തോളിലേറ്റി മുകളിലേക്ക് ഉയർത്തി നിർത്തി. പിന്നാലെ സംഭവമറിഞ്ഞ് തൃക്കാക്കര ഭാരത മാതാ കോളേജിനു സമീപം വെൽഡിങ് ജോലി ചെയ്യുകയായിരുന്ന പിതാവ് ഷെഫീക്കും ഇദ്ദേഹത്തിന്റെ സഹായിയായ അതിഥി തൊഴിലാളിയും സ്ഥലത്തെത്തി. ഇവർ കിണറ്റിൽ ഇറങ്ങി രണ്ടു കുട്ടികളെയും കൈയിൽ എടുത്തു നിന്നു. കിണറ്റിൽനിന്ന് ആദ്യം നാട്ടുകാരുടെ സഹായത്തോടെ ഫർഹാനെ കയറിലൂടെ മുകളിലെത്തിച്ചു. പിന്നാലെയെത്തിയ തൃക്കാക്കര അഗ്നിരക്ഷാ സേന വലിയ കുട്ട കിണറ്റിൽ ഇറക്കി ഇളയ കുട്ടിയെയും പിതാവിനെയും അതിഥിത്തൊഴിലാളിയെും രക്ഷപ്പെടുത്തുകയായിരുന്നു. കിണറ്റിലെ ചാട്ടത്തിനിടെ വെള്ളത്തിന്റെ അടിയിലെ പാറയിൽ കൊണ്ട് ഫർഹാന്റെ വലതുകാലിന് പൊട്ടലുണ്ടായി.