
കണ്ണൂർ :പാനൂർ മൊകേരിയിലെ തങ്ങൾപീടികയിൽ സ്കൂൾ മൈതാനത്തുനിന്ന് 8 ഐസ്ക്രീം ബോംബുകളും കണ്ണവം തൊടീക്കളത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് 4 സ്റ്റീൽ ബോംബുകളും കണ്ടെത്തി. മൊകേരി തങ്ങൾപീടികയിലെ സഹ്റ പബ്ലിക് സ്കൂളിന്റെ ഗ്രൗണ്ടിൽ വച്ചിരുന്ന ടാർവീപ്പകൾക്കിടയിൽ നിന്നാണ് ഐസ്ക്രീം ബോംബുകളും ഒരു വടിവാളും കണ്ടെത്തിയത്.
ബോംബുകൾ സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു. സമീപത്തെ റോഡിന്റെ നാളെത്തുടങ്ങുന്ന ടാറിങ്ങിനായി തൊഴിലാളികൾ വീപ്പകൾ എടുത്തപ്പോഴാണു ബോംബ് ശ്രദ്ധയിൽപെട്ടത്. ബോംബ് സ്ക്വാഡ് എത്തി പാനൂർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ഐസ്ക്രീം നിറയ്ക്കുന്ന പ്ലാസ്റ്റിക് ഡപ്പികളാണ് ബോംബിനായി ഉപയോഗിച്ചത്. തൊടീക്കളത്തിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തിയ സ്ത്രീയാണു ബക്കറ്റിൽ സൂക്ഷിച്ച രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടത്. പിന്നീട് കണ്ണവം പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ഇതേബക്കറ്റിൽ അറക്കപ്പൊടിയിട്ടുമൂടിയ രണ്ട് സ്റ്റീൽ ബോംബുകൾകൂടി കണ്ടെത്തി. ഇത് കണ്ണവം പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.