കോന്നി (പത്തനംതിട്ട) : സമരം ഉദ്ഘാടനംചെയ്തുള്ള പ്രസംഗത്തിനിടെ ശ്രീകൃഷ്ണനെ കുറിച്ച് സിപിഎം നേതാവ് നടത്തിയ പരാമർശത്തിനെതിരേ ബിജെപി പോലീസിൽ പരാതി നൽകി. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ പ്രസംഗമാണ് വിവാദത്തിലായത്. വന്യമൃഗശല്യത്തിനെതിരേ കോന്നി ഡിഎഫ്ഒ ഓഫീസിലേക്ക് സിപിഎം നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്തു നടത്തിയ പ്രസംഗത്തിനിടെയാണ് സംഭവം.
മതവിശ്വാസത്തെ അവഹേളിച്ചു എന്നാരോപിച്ചാണ് ബിജെപിയുടെ പരാതി. ബിജെപി ജില്ലാസെക്രട്ടറി അനോജ് കുമാർ റാന്നി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഉദയഭാനു ഹിന്ദുവിശ്വാസത്തെ അവഹേളിച്ചെന്നും മതനിന്ദയ്ക്കു കേസെടുക്കണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.“ഒരുസ്ഥലത്ത് വീട്ടിൽ നനച്ചിട്ടിരുന്ന തുണിയെല്ലാം കുരങ്ങ് എടുത്തുകൊണ്ടുപോയി. പണ്ടു നമ്മൾ പറയുമായിരുന്നു. ശ്രീകൃഷ്ണനായിരുന്നു സ്ത്രീകളുടെ തുണിയെല്ലാം എടുത്തുകൊണ്ടുപോയിരുന്നതെന്ന്”- ഇതായിരുന്നു ഉദയഭാനുവിന്റെ പ്രസംഗം.