തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ.പ്രദീപ് കുമാറിനെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച ഉത്തരവ് നല്‍കി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് കെ.കെ.രാഗേഷ് സ്ഥാനമൊഴിഞ്ഞ ചുമതലയിലേക്കാണ് പ്രദീപ് കുമാര്‍ എത്തുന്നത്. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമാണ് അദ്ദേഹം.
പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നല്ല രീതിയില്‍ നന്നായി ചെയ്യാന്‍ ശ്രമിക്കുമെന്നും എ.പ്രദീപ് കുമാര്‍ പ്രതികരിച്ചു. 'ശക്തമായി പ്രവര്‍ത്തിക്കുന്ന സംവിധാനം മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. പാര്‍ട്ടി നിയോഗിക്കുന്ന ഒരു ചുമതല ഏറ്റെടുക്കുന്നു. മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നല്ല രീതിയില്‍ നന്നായി ചെയ്യാന്‍ ശ്രമിക്കും. സര്‍ക്കാരിന്റെ മൂന്നാംമൂഴം എന്നത് സമൂഹം തീര്‍ച്ചപ്പെടുത്തിയ കാര്യമാണ്. അതിനായി ശ്രമിക്കും' പ്രദീപ് കുമാര്‍ പറഞ്ഞു.