കല്‍പറ്റ: തപാല്‍വോട്ട് തിരുത്തിയെന്ന് ജി. സുധാകരന്‍ പറഞ്ഞത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും, സിപിഎമ്മിന്റെ അറിവോടെയാണ് ഇത് നടക്കുന്നതെന്നും, ആലപ്പുഴയില്‍ മാത്രം നടക്കുന്ന ഒറ്റപ്പെട്ട സംഭവമല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഡിസിസിയില്‍ ചേര്‍ന്ന സ്വീകരണയോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനാധിപത്യത്തിന്റെ ഭംഗി സ്വന്തംവോട്ട് സ്വന്തംനിലയില്‍ ചെയ്യുമ്പോഴാണ്. സിപിഎം ആള്‍മാറാട്ടത്തിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് പലപ്പോഴായി തെളിഞ്ഞതാണ്. ജനാധിപത്യപ്രക്രിയക്ക് ഇത് കളങ്കമാണ്. ജി. സുധാകരന്റെ ഈ വെളിപ്പെടുത്തലിലൂടെ തിരഞ്ഞെടുപ്പിലെ ക്രമക്കേട് മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും, സര്‍ക്കാരും, തിരഞ്ഞെടുപ്പ് കമ്മിഷനും ഇക്കാര്യത്തില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും അദ്ദേഹമാവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ ഇതിനകംതന്നെ കോണ്‍ഗ്രസ് ഒട്ടേറെ സമര നിയമപോരാട്ടങ്ങള്‍ നടത്തിയതാണ്. അതിനെല്ലാം ബലംനല്‍കുന്നതാണ് വൈകിയാണെങ്കിലും ജി. സുധാകരന്‍ നടത്തിയ വെളിപ്പെടുത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കെപിസിസി പ്രസിഡന്റായശേഷം ആദ്യമായി ജില്ലയിലെത്തിയ സണ്ണി ജോസഫ് എംഎല്‍എക്ക് ആവേശോജ്ജ്വല സ്വീകരണമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയൊരുക്കിയത്.