വടകര: സി.പി.എം. ഏരിയാസമ്മേളനങ്ങൾക്ക് തുടക്കംകുറിച്ച് നടന്ന ആദ്യ ഏരിയാസമ്മേളനത്തിൽത്തന്നെ ഔദ്യോഗിക പാനലിനെതിരേ മത്സരം. ഞായറാഴ്ച നടന്ന വടകര ഏരിയാസമ്മേളനത്തിലാണ് നാലുപേർ ഔദ്യോഗിക പാനലിനെതിരേ മത്സരിച്ചത്. ആദ്യ ഏരിയാസമ്മേളനമായതിനാൽ മത്സരം പാടില്ലെന്ന് നേതൃത്വത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഇത് അവഗണിച്ചായിരുന്നു മത്സരം. മത്സരിച്ചവർ പരാജയപ്പെട്ടെങ്കിലും ഇവർ മത്സരിക്കാനിടയായ സാഹചര്യം പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.
വടകര ഏരിയാ കമ്മിറ്റിയിലേക്ക് സമീപകാലത്തൊന്നും മത്സരം നടന്നിട്ടില്ല. മുൻ ഏരിയാ കമ്മിറ്റി അംഗവും മണിയൂർ പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ. അഷ്‌റഫ്, സി.ഐ.ടി.യു. നേതാവ് വേണു കക്കട്ടിൽ, സി.പി.എം. നടക്കുതാഴ നോർത്ത് ലോക്കൽ സെക്രട്ടറി വത്സൻ കുനിയിൽ, പൊന്മേരി ലോക്കലിലെ ടി.പി. ദാമോദരൻ എന്നിവരാണ് മത്സരിച്ചത്. ഏരിയാകമ്മിറ്റിയിലേക്ക് 21 പേരുടെ ഔദ്യോഗികപാനൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇവരുടെ പേരുകൾകൂടി നിർദേശിക്കപ്പെട്ടത്.
ഇതോടെ വോട്ടെടുപ്പ് നടന്നു. ആകെ 168 പ്രതിനിധികളാണ് സമ്മേളനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരുവോട്ട് അസാധുവായി. ബാക്കിയുള്ള 167 വോട്ടുകളിൽ എല്ലാവോട്ടും കിട്ടിയത് ഔദ്യോഗിക പാനലിലെ ഒരാൾക്ക് മാത്രമാണ്.പാനലിനെതിരേ മത്സരിച്ചവരിൽ ഒരാൾക്ക് 77 വോട്ടുവരെ കിട്ടി. നിലവിലുള്ള സെക്രട്ടറി ഉൾപ്പെടെയുള്ള പ്രമുഖനേതാക്കൾക്ക് ഔദ്യോഗിക പാനലിലെ മറ്റുള്ളവരെക്കാൾ വോട്ടുകുറഞ്ഞതും നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.സംസ്ഥാനത്തെ ആദ്യ ഏരിയാസമ്മേളനമാണ് വടകരയിൽ നടന്നത്. ജില്ലാ സെക്രട്ടറി പി. മോഹനന്റെ സജീവസാന്നിധ്യം സമ്മേളനത്തിലുണ്ടായിരുന്നു.21 അംഗ ഏരിയാ കമ്മിറ്റിയിൽ മൂന്നുപേർ പുതുമുഖങ്ങളാണ്. വടകര നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു, ആയഞ്ചേരിയിൽനിന്നുള്ള മീത്തലെ കാട്ടിൽ നാണു, ചെമ്മരത്തൂർ ലോക്കൽ സെക്രട്ടറി പി.കെ. ശ്രീധരൻ എന്നിവരാണ് പുതുമുഖങ്ങൾ.