ബെംഗളൂരു: ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡറിൽ നിന്ന് റോവർ ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ലാൻഡറിലെ കാമറ പകർത്തിയ ദൃശ്യങ്ങളാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ആഗസ്റ്റ് 23നാണ് ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡർ വിജയകരമായി ചന്ദ്രന്‍റെ മണ്ണിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. നാല് മണിക്കൂറിന് ശേഷം ലാൻഡറിന്റെ വാതിൽ തുറന്ന് റോവർ പുറത്തെത്തി. തുടർന്ന് റോവറിന്‍റെ സോളാർ പാനൽ നിവർന്ന് സൂര്യപ്രകാശത്തിൽ ബാറ്ററി ചാർജ് ചെയ്തു. ഇതിന് ശേഷമാണ് റോവർ റാംപിലൂടെ സാവധാനം ചന്ദ്രന്‍റെ പ്രതലത്തിലേക്ക് ഉരുണ്ടിറങ്ങി പര്യവേക്ഷണം തുടങ്ങിയത്. പര്യവേക്ഷണത്തിൽ റോവർ കണ്ടെത്തുന്ന ഓരോ വിവരങ്ങളും ലാൻഡർ വഴി ചന്ദ്രയാൻ 2ന്റെ ഓർബിറ്റർ വഴി ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിലെ (ഇസ്ട്രാക്) മിഷൻ ഓപറേഷൻ കോംപ്ലക്സിലേക്ക് (മോക്സ്) കൈമാറും. ലാൻഡർ ചന്ദ്രന്‍റെ മണ്ണിൽ കാലുകുത്തിയതിന്‍റെ ചന്ദ്രയാൻ 2 ഓർബിറ്റർ പകർത്തിയ ചിത്രം ഐ.എസ്.ആർ.ഒ നേരത്തെ പുറത്തുവിട്ടിരുന്നു.