മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ബസൂക്ക. ഏപ്രിൽ പത്തിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിംഗ് വിവരങ്ങളാണ് പുറത്തുവരുന്നത്.
സെൻസറിംഗിൽ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ആറുഭാഗങ്ങളിൽ മാറ്റം വരുത്താൻ സെൻസർ ബോർഡ് നിർദേശിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. അതിൽ എൽഎസ്ഡി എന്ന വാക്ക് റീപ്ലേസ് ചെയ്യണമെന്നും ഒപ്പം ചില ചീത്ത വാക്കുകൾ മ്യൂട്ട് ചെയ്യാനും പറയുന്നുണ്ട്. ചിത്രത്തിന്റെ മൊത്തം ദെെർഷ്യം 154.27 മിനിട്ടാണ്.ബിഗ് ബഡ്ജറ്റ് ഗെയിം ത്രില്ലർ ആയി കഥ പറയുന്ന ചിത്രത്തിൽ, അൾട്രാ സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടിയെ അവതരിപ്പിച്ച പോസ്റ്ററുകൾ നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിക്കൊപ്പം തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിർണായകമായ ഒരു വേഷത്തിൽ എത്തുന്നുണ്ട്.കൂടാതെ സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.