റായ്പുർ: ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തു. ജാസ്പ ജില്ലയിലെ കുങ്കുരി പട്ടണത്തിലെ ഹോളി ക്രോസ് നഴ്സിങ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബിൻസി ജോസഫിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.അവസാനവർഷ വിദ്യാർഥിനി നൽകിയ പരാതിയിലാണ് സിസ്റ്റർക്കെതിരേ കേസെടുത്തിരിക്കുന്നത്. തന്നെ മതംമാറ്റാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി അധ്യാപികയായ കന്യാസ്ത്രീയ്ക്കെതിരേ പരാതി നൽകിയത്. തുടർന്ന് സിസ്റ്റർ ബിൻസി ജോസഫിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു.
ആരോപണം അടിസ്ഥാനരഹിതമെന്ന് കത്തോലിക്കാ സഭ അറിയിച്ചു. പ്രാക്ടിക്കൽ-തിയറി ക്ലാസുകൾക്ക് വിദ്യാർഥിനി കോളേജിൽ എത്തിയിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപെട്ട സിസ്റ്റർ വിദ്യാർഥിനിയേയും വീട്ടുകാരേയും ബന്ധപ്പെട്ടിരുന്നു. 80 ശതമാനം ഹാജരുണ്ടെങ്കിൽ മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ എന്നും വീട്ടുകാരെ അറിയിച്ചിരുന്നു. 32 ശതമാനം ഹാജർ മാത്രമായിരുന്നു പെൺകുട്ടിക്ക് ഉണ്ടായിരുന്നത്.പെൺകുട്ടിയെ തിയറി പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നുവെങ്കിലും ഹാജർ ഇല്ലാതെ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് സർട്ടിഫിക്കൻ തരാൻ സാധിക്കില്ലെന്ന് കോളേജ് അറിയിച്ചു. ഇതിന് പിന്നാലെയാണ് പെൺകുട്ടി ജില്ലാ കളക്ടർക്ക് പരാതി നൽകിയതെന്നാണ് കോളേജിന്‍റെ വിശദീകരണം.