കൊച്ചി: ഗോകുലം ഗോപാലനു വീണ്ടും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ് നൽകിയത്. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളിൽ നടന്ന റെയ്ഡിനു പിന്നാലെ ഗോകുലം ഗോപാലനെ 6 മണിക്കൂറോളമാണ് ഇന്നലെ ചോദ്യം ചെയ്തത്. ഇതിനു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടിസ് നൽകിയത്. നേരത്തെ രണ്ടു തവണ ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
സംശയം തോന്നിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചതെന്ന് ഗോകുലം ഗോപാലൻ ഇന്നലെ പറഞ്ഞിരുന്നു. അതിനുള്ള ഉത്തരം കൃത്യമായി നൽകിയിട്ടുണ്ട്. മറ്റു കാര്യങ്ങളെ കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. കൊച്ചിയിൽ സോണൽ ഓഫിസിൽ വിളിച്ചു വരുത്തിയാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചത്.