മലപ്പുറം: വീട്ടിലെ പ്രസവത്തെ തുടർന്ന് പെരുമ്പാവൂർ അറയ്ക്കപ്പടി പെരുമാനി കൊപ്പറമ്പിൽ വീട്ടിൽ അസ്മ (35) മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്റെ (38) അറസ്റ്റ് രേഖപ്പെടുത്തി. പ്രതിക്കെതിരെ മനഃപ്പൂർവ്വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി.
സിറാജുദ്ദീനെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ ആരംഭിച്ചതായി മലപ്പുറം എസ് പി പറഞ്ഞു. ഇന്നലെ വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ചോദ്യം ചെയ്യേണ്ടതുണ്ട്. കൃത്യത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും. ആത്മീയ കാര്യങ്ങളിൽ വലിയ താത്പര്യമുള്ളയാളാണ് പ്രതി. അസ്‌മയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. യുട്യൂബ് ചാനലിൽ നിന്നും മതപ്രഭാഷണത്തിൽ നിന്നുമൊക്കെയാണ് പ്രതി വരുമാനം കണ്ടെത്തിയിരുന്നത്. ഇക്കാരണങ്ങളാലാണ് ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീൻ കുടുംബത്തോടൊപ്പം മലപ്പുറത്തേയ്ക്ക് വന്നത്. പ്രസവസമയത്ത് പ്രതിക്ക് സഹായം നൽകിയതായി ചിലരെ സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ് പി അറിയിച്ചു