കാസർകോട്: നീലേശ്വരം ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ അപകടത്തിൽ വധശ്രമത്തിന് കേസെടുത്തു. സംഭവത്തിൽ എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റൻസ് ആക്റ്റ്, ബിഎൻഎസ് എന്നിവയിലെ വിവിധ വകുപ്പുകളും ചേർത്ത് അന്വേഷണം തുടരുകയാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കാസർകോട് ജില്ലാ കളക്‌ടർക്കും പൊലീസ് മേധാവിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.154പേർക്കാണ് നീലേശ്വരം അപകടത്തിൽ പൊള്ളലേറ്റത്. 98 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ പത്തുപേരുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും