തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരേ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി കോടതി തള്ളി. മേയറും കെ.എസ്.ആര്‍.ടി.സി. ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് നടപടി.
കേസ് ശരിയായ ദിശയില്‍ മുന്നോട്ടു പോകണമെങ്കില്‍ കോടതിയുടെ മേല്‍നോട്ടം അനിവാര്യമാണെന്നായിരുന്നു യദുവിന്റെ ആവശ്യം. സംഭവത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമാണെന്നാണ് ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ഈ വാദം അംഗീകരിച്ച് കോടതി ഹര്‍ജി തള്ളുകയായിരുന്നു.
ഹര്‍ജി തള്ളിയെങ്കിലും അന്വേഷണസംഘത്തിന് ചില നിര്‍ദേശങ്ങള്‍ കോടതി നല്‍കി. സത്യസന്ധമായ അന്വേഷണം നടക്കണം, സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിക്കണം, ബാഹ്യ ഇടപെടലുകളിലോ സ്വാധീനത്തിലോ വഴങ്ങരുത്, സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണം എന്നിവയാണ് നിര്‍ദേശങ്ങള്‍.യദുവിന്റെ ഹര്‍ജിയിലെ ഒന്നും രണ്ടും പ്രതികളായ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.