ബ്യൂണസ് ഐറിസ്: അർജന്റീനാ ഫുട്‌ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണത്തിലെ ദുരൂഹതസംബന്ധിച്ച കേസിൽ മെഡിക്കൽ കമ്പനിയിൽ പോലീസ് റെയ്ഡ്. തലച്ചോറിലെ ശസ്ത്രകിയക്കുശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന മാറഡോണയ്ക്ക് പരിചരണം നൽകിയ മെഡിഡോം കമ്പനി ഓഫീസിലാണ് കോടതി നിർദേശപ്രകാരം തിരച്ചിൽനടന്നത്.
മാറഡോണയുടെ മരണത്തിൽ ഏഴംഗ മെഡിക്കൽ സംഘത്തിന് വീഴ്ചയുണ്ടായെന്നാണ് കേസ്. മാറഡോണയ്ക്ക് വേണ്ടത്ര വൈദ്യസഹായം ലഭിച്ചില്ലെന്ന് സാക്ഷികൾ വിചാരണയിൽ മൊഴിനൽകിയിരുന്നു. ഇക്കാര്യം സാധൂകരിക്കുന്ന തെളിവുകളുണ്ടോയെന്ന് പരിശോധിക്കാനാണ് കോടതി മെഡിക്കൽ കമ്പനി റെയ്ഡ് ചെയ്യാൻ ആവശ്യപ്പെട്ടത്.2020 നവംബർ മൂന്നിനാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതിന് മാറഡോണയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. 12-ന് വീട്ടിലെത്തിയ താരം 25-ന് മരിച്ചു. ഹൃദയാഘാതവും ശ്വാസകോശത്തിലെ നീർക്കെട്ടുമാണ് മരണത്തിനിടയാക്കിയതെന്നാണ് മെഡിക്കൽ റിപ്പോർട്ട്.