അങ്കമാലി: നെടുമ്പാശ്ശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ച ഐവിൻ കൊല്ലപ്പെട്ടത് തലയ്ക്കേറ്റ പരിക്കുമൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്‌മോർട്ടം. കാർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് ബോണറ്റിൽ നിന്നു വീണപ്പോഴാകാം തലയ്ക്ക് മുറിവേറ്റതെന്ന് കരുതുന്നു.ഒരു വീടിന്റെ മുന്നിലാണ് ഐവിൻ വീണു കിടന്നിരുന്നത്. ബോണറ്റിൽനിന്നു വീണ ഐവിൻ വീടിന്റെ മതിലിനും കാറിനും ഇടയിൽ പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷിക്കുമെന്ന് നെടുമ്പാശ്ശേരി സ്റ്റേഷൻ ഓഫീസർ സാബുജി പറഞ്ഞു. ശരീരത്തിൽ മുറിവുകളുണ്ട്. ശരീരത്തിന്റെ ഒരു വശത്ത് മുഴുവൻ പരിക്കുണ്ട്.
അപകടമുണ്ടാക്കിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരേ കൊലപാതകക്കുറ്റമുൾപ്പെടെയുള്ള വകുപ്പുകളാണ് നെടുമ്പാശ്ശേരി പോലീസ് ചുമത്തിയിരിക്കുന്നത്. ഐവിന്റെ കാറും ഉദ്യോഗസ്ഥരുടെ കാറും തമ്മിൽ ഉരസിയതിനെത്തുടർന്നുള്ള വാക്കുതർക്കംമൂലം ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ച് ബോണറ്റിനു മുകളിലേക്ക് വീഴ്‌ത്തുകയും ബോണറ്റിൽ പിടിച്ചുകിടന്ന് നിലവിളിച്ച ഐവിനെ ഒരു കിലോമീറ്റർ ദൂരമോടിച്ച് സഡൻ ബ്രേക്കിട്ട് വീഴിച്ച ശേഷം കാറിടിച്ച്കൊ ലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് തയ്യാറാക്കിയ എഫ്ഐആറിൽ പറയുന്നു.