
ദോഹ: 2026-ലെ ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്‌ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്‌ക്വാഡ് കോച്ച് ഹൂലൻ ലോപെറ്റെഗി പ്രഖ്യാപിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്‌സിൻ മുഹമ്മദ് ജംഷീദും ടീമിൽ ഇടംപിടിച്ചു. ഒരു മലയാളി ഇതാദ്യമായാണ് ഫിഫ ലോകകപ്പിനുള്ള ഒരു ദേശീയ ടീമിൽ ഇടംപിടിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് യോഗ്യത ഇപ്പോഴും വിദൂര സ്വപ്‌നമായി തുടരുമ്പോൾ, തഹ്‌സിൻ അന്തിമ ഇലവനിൽക്കൂടി ഉൾപ്പെട്ടാൽ ലോകകപ്പ് ചരിത്രത്തിൽ അതൊരു സുവർണ അധ്യായമാകും.17, 19 അടക്കം ഖത്തറിന്റെ യൂത്ത് ടീമുകളിലും അംഗമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരമായിരുന്ന ജംഷിദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും മകനാണ്.
സൂപ്പർ താരം അക്രം അഫീഫാണ് ഖത്തർ മുന്നേറ്റനിരയെ നയിക്കുക. 126 മത്സരങ്ങളിൽനിന്ന് 60 ഗോളുകൾ നേടി ഖത്തറിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ അൽമോയസ് അലിയും സംഘത്തിലുണ്ട്. പരിചയസമ്പന്നനായ ഹസ്സൻ അൽ ഹൈദോസ്, ബൗലെം ഖൂഖി തുടങ്ങിയ പ്രമുഖരും ടീമിന്റെ കരുത്താണ്.