കൊച്ചി: രാജ്യത്തിന്റെ അഭിമാനമായ കായികതാരവും രാജ്യസഭാംഗവുമായ പി.ടി ഉഷയുടേയും വി.ശ്രീനിവാസന്റേയും ഏക മകന്‍ ഡോ.വിഘ്‌നേഷ് ഉജ്ജ്വല്‍ വിവാഹിതനായി. കൊച്ചി വൈറ്റില ചെല്ലിയന്തറ 'ശ്രീരാം കൃഷ്ണ'യില്‍ അശോക് കുമാറിന്റെയും ഷിനിയുടെയും മകള്‍ കൃഷ്ണയാണ് വധു.
കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലിലാണ് വിവാഹം നടന്നത്. കായിക, രാഷ്ട്രീയ, സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ഒട്ടേറെ സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തു. ബോക്‌സിങ് ഇതിഹാസ താരം മേരി കോം, നടന്‍ ശ്രീനിവാസന്‍, കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, ജോണ്‍ ബ്രിട്ടാസ് എംപി തുടങ്ങിയവര്‍ വിവാഹത്തിനെത്തി.
'മകന്റെ ജീവിതത്തിലെ അടുത്ത ഘട്ടമാണ് ഈ വിവാഹം. ഒരമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. അറേഞ്ച്ഡ് മാര്യേജ് ആണ്. മകന് വിവാഹം നോക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷമായി. അവന് ഏറ്റവും ഇഷ്ടപ്പെട്ട, അവന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പെണ്‍കുട്ടിയെ തന്നെ പങ്കാളിയായി കിട്ടി..' പി.ടി ഉഷ പ്രതികരിച്ചു.സ്‌പോര്‍ട്‌സ് മെഡിസിന്‍ പഠിച്ച വിഘ്‌നേഷ് ഉജ്ജ്വല്‍ പി.ടി ഉഷ സ്ഥാപിച്ച സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ ഡോക്ടറാണ്.