
റോത്തക്ക്: പരിശീലനത്തിനിടെ ഇരുമ്പ് ബാസ്‌കറ്റ്‌ബോള്‍ പോസ്റ്റ് ദേഹത്ത് വീണ് ദേശീയ തലത്തിലുള്ള 16 വയസ്സുകാരനായ ബാസ്‌കറ്റ്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. ഹാര്‍ദിക് രാത്തി എന്ന താരമാണ് മരിച്ചത്. ഹരിയാണയിലെ ലഖാന്‍ മാജ്രയിലുള്ള ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലാണ് അപകടമുണ്ടായത്.
തനിച്ച് പരിശീലനം നടത്തുകയായിരുന്ന ഹാര്‍ദിക് ബാസ്‌കറ്റ്‌ബോള്‍ വളയത്തില്‍ തൂങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. പോസ്റ്റ് വളഞ്ഞ് ഹാര്‍ദിക്കിന്റെ നെഞ്ചിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപകടം നടക്കുന്നതിന് മുമ്പായി ഹാര്‍ദിക് ഒരു തവണ പോസ്റ്റില്‍ തൂങ്ങുന്നതും ദൃശ്യത്തിലുണ്ട്. സമീപത്തുണ്ടായിരുന്നവര്‍ സഹായത്തിനായി ഓടിയെത്തി പോസ്റ്റ് ഉയര്‍ത്തിമാറ്റിയെങ്കിലും, പരിക്കുകളെ തുടര്‍ന്ന് ഹാര്‍ദിക് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ അപകടത്തെ തുടര്‍ന്ന്, മരിച്ച ഹാര്‍ദികിനോടുള്ള ആദരസൂചകമായി ഹരിയാണയിലെ എല്ലാ കായികമേളകളും മത്സരങ്ങളും അടുത്ത മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെക്കുമെന്ന് സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍ അറിയിച്ചു.