കൊച്ചി: വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സി ബി ഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദേശം. മാതാപിതാക്കൾ നേരിട്ട് വിചാരണക്കോടതിയിൽ ഹാജരാകുന്നതിലും കോടതി ഇളവ് നൽകിയിട്ടുണ്ട്.
തങ്ങളെ പ്രതിചേർത്ത സി ബി ഐ നടപടി റദ്ദാക്കണമെന്നും കേസിൽ തുടരന്വേഷണം നടത്തണമെന്നുമാണ് പെൺകുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം. കുട്ടികളുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകൾ സി ബി ഐ മുഖവിലയ്ക്കെടുത്തില്ല എന്നുമാണ് ഹർജിയിലെ പ്രധാന വാദം.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ മാതാപിതാക്കൾ കൂട്ടുനിന്നെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ. ലൈംഗിക പീഡനത്തെ തുടർന്നുണ്ടായ മാനസിക സംഘർഷമാണ് വാളയാർ പെൺകുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നുമാണ് സി ബി ഐയുടെ വാദം.
മാതാപിതാക്കളോട് ഈ മാസം 25ന് ഹാജരാകണമെന്ന് കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. കേസിൽ ഇവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്.