തിരുവനന്തപുരം: ജീവനൊടുക്കിയ തിരുവനന്തപുരം വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ സുഹൃത്തും ഐ.ബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ആശുപത്രി രേഖകൾ ചൊവ്വാഴ്‌ച രാവിലെ തിരുവനന്തപുരത്തെത്തിയ കുടുംബം പേട്ട പൊലീസിൽ ഹാജരാക്കി.
ആത്മഹത്യയിൽ സുകാന്ത് സുരേഷിന് പങ്കുണ്ടെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. യുവതിയുടെ അച്ഛന്റെ വാക്കുകൾ ഇങ്ങനെ...'ഫോൺ രേഖകൾക്ക് പുറമേ മകളുടെ ബാഗിൽ നിന്നു ലഭിച്ച തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. പേട്ട സി.ഐയുടെ നേതൃത്വത്തിൽ ആത്മാർത്ഥമായി കേസ് അന്വേഷിക്കുന്നു. ആദ്യഘട്ടത്തിൽ അന്വേഷണത്തിൽ അതൃപ്തി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തൃപ്തികരമാണ്. സുകാന്ത് 3.5 ലക്ഷം രൂപയോളം മകളിൽ നിന്നു തട്ടിയെടുത്തു. സുകാന്ത് രാജ്യം വിട്ട് പോകാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സുകാന്തിന്റെ പ്രേരണയാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം. തെളിവുകൾ ശേഖരിച്ചുവരികയാണ്. ഹാജരാക്കിയ തെളിവുകളുടെ ആധികാരികത ഉറപ്പാക്കാൻ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സുകാന്തിനെതിരെ കേസ് എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.