വടകര : ലോൺ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കൊട്ടിയം സ്വദേശി ചെരുവിൽ പുത്തൻവീട്ടിൽ ജുബിനെ(32)യാണ് വടകര പൊലീസ് അറസ്റ്റുചെയ്തത്. ലോൺ ആപ്പിലൂടെ വടകര സ്വദേശിയുടെ 20,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ലോൺ ആപ്പിലൂടെ കെണിയിൽപ്പെടുത്തി അക്കൗണ്ടിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്യിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ജുബിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ദുബായിൽനിന്നും തിരുവനന്തപുരം എയർപോർട്ടിൽ ഇറങ്ങിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു. ക്രിപ്റ്റോ കറൻസി വഴി ഒരുകോടിയോളം രൂപയുടെ ഇടപാട് ഇയാളുടെ അക്കൗണ്ട് വഴി നടത്തിയതായും സംശയമുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.