വടകര: നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം നഗരസഭ പരിധിയിലെ 15 ഓളം വറവ് പൊരി കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തി. പരിശോധനയിൽ ഏഴോളം സ്ഥാപനങ്ങളിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. കൂടാതെ പഴകിയ എണ്ണ ഉപയോഗിക്കുന്നതായി കണ്ടെത്തിയ രണ്ടോളം സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെ തുടർന്ന് റെയിൽവേയുടെ സമീപത്തുള്ള ബേക്കറി സാധനങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്ന സ്ഥാപനം അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി.
വൃത്തിഹീനമായ സാഹചര്യത്തിലും പാചകത്തിന് പഴകിയ എണ്ണ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കും എതിരെ കേരള മുൻസിപ്പൽ ആക്ട് പ്രകാരം ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളുമായി മുന്നോട്ടുപോകുമെന്നും വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്നും നഗരസഭ സെക്രട്ടറി സനൽ കുമാർ ഡി വി അറിയിച്ചു. പരിശോധനയിൽ ക്ലീൻ സിറ്റി മാനേജർ രമേശൻ കെ പി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അജിന പി എന്നിവർ പങ്കെടുത്തു