വടകര: വഴിയരികിൽ അവശനിലയിൽ കണ്ട നായക്കുട്ടിക്ക് ഒന്നും സംഭവിക്കരുതേയെന്നാണ് കൃഷ്ണപ്രിയയുടെ ആഗ്രഹം. എടോടി റയിൽവേ സ്റ്റേഷൻ റോഡിൽ കഴിഞ്ഞ അഞ്ച് ദിവസത്തിലേറെയായി കഴിയുന്ന നായകുട്ടിയുടെ പ്രാണൻ തിരിച്ചു പിടിക്കാനുള്ള പരിചരണത്തിലാണ് ഈ സ്കൂൾ വിദ്യാർത്ഥിനി. ദിവസങ്ങൾക്ക് മുമ്പ് ഒരു യാത്രപോകുന്നതിനായി റയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് കണ്ണൂക്കര സ്വദേശിയായ കൃഷ്ണപ്രിയയുടെയും അമ്മ ബിന്ധ്യയുടെയും ഉൾപ്പെടെയുള്ള കുടുംബത്തിൻ്റ ശ്രദ്ധ വഴിയയരിയിൽ മരണത്തോട് മല്ലടിക്കുന്ന മൂന്നു മാസം പ്രായമായ മിണ്ടാപ്രാണിയിൽ പതിഞ്ഞത്. പിറ്റേന്ന് രാവിലെ ട്രയിനിറങ്ങി വീട്ടിലേക്ക് മടങ്ങവെ നായ കുട്ടിക്ക് വെള്ളവും പാലും ബിസ്ക്കറ്റും നൽകി.
അതിനു ശേഷം എല്ലാ ദിവസവും രാവിലെയും വൈകിട്ടും സ്കൂൾ വിട്ട് കൃഷ്ണപ്രിയ നായക്കുട്ടിക്ക് ഭക്ഷണം നൽകുകയാണ്. ബിഇഎം ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന കൃഷ്ണപ്രിയ തിങ്കൾ വൈകിട്ട് ശാസ്ത്രമേളയും കഴിഞ്ഞ് റോഡരികിൽ എത്തി നായക്കുട്ടിക്ക് ബിസ്ക്കറ്റും വെള്ളവും നൽകി. ഇതിനിടയിൽ ഡോക്ടറുടെ ഉപദേശം തേടി മരുന്നും വാങ്ങി നൽകിയിരുന്നു. സ്ഥല പരിമിതിയുള്ളതിനാൽ വീട്ടിലേക്ക് കൊണ്ടു പോകുന്നതിന് കൃഷ്ണപ്രിയക്ക് പ്രയാസമുണ്ട്. അപകടത്തിൽ പരിക്കേറ്റ് കൈനാട്ടിയിൽ നിന്നും ലഭിച്ച ഒരു നായയെ വീട്ടിൽ വളർത്തുന്നുമുണ്ട്. മൃഗസ്നേഹികൾ ആരെങ്കിലുമെത്തി ഇതിനെ ഇതിന്റെ ജീവൻ രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് നല്ല മനസിന്റെ ഉടമയായ ഈ മിടുക്കി.