വടകര: യാത്രക്കാർക്ക് ഇരുട്ടടിയായി വടകര റെയിൽവേ സ്റ്റേഷനിൽ ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ് ചാർജ് കുത്തനെ കൂട്ടി. 12 രൂപയുണ്ടായിരുന്ന പാർക്കിങ് ചാർജാണ് ഒറ്റയടിക്ക് 18 ആയി വർധിപ്പിച്ചത്. യാത്രക്കാരുടെ പരാതിയിൽ മണിക്കൂറുകൾക്കകം ചാർജ് പിൻവലിച്ച് കരാറുകാരനിൽനിന്ന് പിഴ ഈടാക്കി. ഓട്ടോ ചാർജ് വർധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് തൊഴിലാളി യൂനിയനുകൾ പ്രത്യക്ഷ സമരത്തിനിറങ്ങിയതോടെ പൊലീസ് ഇടപെട്ട് നടത്തിയ ചർച്ചയിൽ താൽക്കാലികമായി ഫീസ് വർധന നിർത്തിവെച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ് ചാർജിൽ വർധന വരുത്തിയത്. റെയിൽവേ പാർക്കിങ് ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ മാറിയെന്നാണ് റെയിൽവേയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
പാർക്കിങ് ഫീസ് വർധിപ്പിക്കുന്നത് സംബന്ധിച്ച് റെയിൽവേ മുന്നറിയിപ്പ് നൽകിയിരുന്നില്ല. ഇതേതുടർന്ന് ഇരുചക്ര വാഹന യാത്രക്കാരുമായി വാക്തർക്കവുമുണ്ടായി. ചോദ്യം ചെയ്തവർക്കു നേരെ പാർക്കിങ് സ്ഥലത്ത് ഫീസ് പിരിക്കുന്ന സ്ത്രീകളെ സഹായിക്കാനെന്ന പേരിൽ നിയമിച്ചവർ ഭീഷണിപ്പെടുത്തിയതായി യാത്രക്കാർ പരാതിപ്പെട്ടു.ദിനംപ്രതി ആയിരത്തിലധികം ഇരുചക്ര വാഹനങ്ങളാണ് വടകര റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്യുന്നത്.