
പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് കഴിഞ്ഞദിവസം പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച മകനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇല്ലത്ത്‌മീത്തൽ ജംസാലിനെ(26)യാണ് വീടിനുസമീപമുള്ള പറമ്പിലെ മരത്തിൽ ഞായറാഴ്ച രാവിലെതൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് വീട്ടിൽവെച്ച് ജംസാൽ പിതാവ് പോക്കറിനെ (60) കത്തികൊണ്ട് കുത്തിയത്. വയറിനും വലതുകൈക്കും ഗുരുതരപരിക്കേറ്റ പോക്കർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിനുശേഷം കത്തിയുമായി വീടിനുപിന്നിലേക്ക് ജംസാൽ ഓടിപ്പോവുകയായിരുന്നു. നാട്ടുകാർ തിരച്ചിൽനടത്തിയിരുന്നെങ്കിലും കണ്ടെത്താൻകഴിഞ്ഞിരുന്നില്ല. പണംചോദിച്ചപ്പോൾ നൽകാത്തതിലുള്ള വിരോധത്താൽ കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് ഉമ്മ ജമീല പോലീസിന് മൊഴിനൽകിയത്.