വടകര: സാൻഡ് ബാങ്ക്സിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. ഒപ്പമുണ്ടായിരുന്ന മകൻ നീന്തി രക്ഷപ്പെട്ടു.പുറങ്കരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ സുബൈറും മകൻ സുനീറുമാണ് തോണി മറിഞ്ഞ് അപകടത്തിൽപെട്ടത്.
ചൊവ്വാഴ്ച രാത്രി പതിനൊന്നിനു ശേഷമാണ് സംഭവം. മിനിഗോവയുടെ സമീപം പുഴയും കടലും സംഗമിക്കുന്ന ഭാഗത്ത് മത്സ്യബന്ധനത്തിനിടയിൽ തോണി മറിയുകയായിരുന്നു.ശക്തമായ കാറ്റും ഒഴുക്കുമാണ് അപകടത്തിനിടയാക്കിയത്. തോണി മറിഞ്ഞതോടെ ഒഴുക്കിൽ സുനീർ നീന്തി കരപിടിച്ചെങ്കിലും പിതാവ് സുബൈർ ഒഴുക്കിൽപെടുകയായിരുന്നു. പയ്യോളി പോലീസും വടകര കോസ്റ്റൽ പോലീസും നാട്ടുകാരും തെരച്ചൽ നടത്തുകയാണ്. മറിഞ്ഞ തോണി കരയിലേക്ക് മാറ്റി.