
മാഹി: ഇലക്ട്രിസിറ്റി ജീവനക്കാരനെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയ കാറിന്റെ ഡ്രൈവർ അറസ്റ്റിൽ. മൈസൂർ സ്വദേശിയായ ചേതൻ മാലികിനെ ആണ് മാഹി പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ പോലീസ് ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മൈസൂർ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായ ഇയാൾ മൈസൂരിൽ നിന്നും നിസ്സാൻ മാഗ്നെറ്റ് വാഹനത്തിൽ പുലർച്ചെ കൂട്ടുപുഴ വഴി മുഴപ്പിലങ്ങാട് ബീച്ചിലെത്തിയതായിരുന്നു. റൂം എടുക്കാനായി മാഹിയിൽ എത്തുമ്പോഴാണ് അപകടം.
അപകടം സംഭവിച്ച ഉടൻ വണ്ടി നിർത്താതെ മൈസൂരിലേക്ക് തിരിച്ച് പോവുകയായിരുന്നു. അപകടത്തിൽപ്പെട്ട രമേശൻ ദിവസങ്ങളോളം തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാഹി സർക്കിൾ ഇൻസ്പെക്ടർ പി എ അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.