വടകര: മേഖലയിൽ പ്രത്യേകിച്ചും കോഴിക്കോട് ജില്ലയിൽ പൊതുവിലും വോട്ട് എണ്ണലിനെ തുടർന്ന് സംഘർഷാവസ്ഥക്ക് സാധ്യത ഉള്ളതിനാൽ മെയ് 27ന് ഡി ഐ ജി നേതൃത്ത്വത്തിൽ വടകര റൂറൽ എസ് പി ഓഫീസിലും തുടർന്ന് മെയ് 30ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ട്രേറ്റിലും സർവകക്ഷികളുടെ യോഗം ചേർന്ന് സമാധാനന്തരീക്ഷം സംരക്ഷിക്കുന്നതിന് വേണ്ടി എടുത്ത തീരുമാനങ്ങൾ സർക്കാറും, പോലീസും, സി പി എമ്മും പരസ്യമായി ലംഘിക്കുകയും കാറ്റിൽ പരത്തുകയും ചെയ്യുന്ന നടപടി ഉത്തരവാദിത്ത ലാംഘനവും പ്രതിഷേധാർഹവുമാണെന്ന് യു ഡി എഫ്. സംഘർഷത്തിന് സാഹചര്യം ഒരുക്കരുതെന്നും എന്തെങ്കിലും അക്രമ സംഭവമുണ്ടായാൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും കാഫിർ പ്രയോഗം നടത്തി വർഗീയ വിദ്വേഷം പരത്താൻ ശ്രമിച്ചവരെ ഉടൻ പിടികൂടുമെന്നൊക്കെയാണ് സർവകക്ഷി യോഗത്തിലെ പ്രധാന തീരുമാനങ്ങൾ.
എന്നാൽ വോട്ട് എണ്ണലിനെ തുടർന്ന് പാതിരപ്പറ്റയിൽ ആർ എം പി നേതാവിന്റെ വീടിനു നേരെയും മണിയൂരിൽ കോൺഗ്രസ് നേതാവിന്റെ വീടിനു നേരെയും ബോംബ് എറിഞ്ഞ് സർവകക്ഷി യോഗ തീരുമാനം നഗ്നമായി ലംഘിക്കുകയുണ്ടായി. ബോംബ് എറിഞ്ഞ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. കാഫിർ പ്രയോഗം നടത്തിയവരെ ഒന്നരമാസമായിട്ടും കണ്ട് പിടിക്കാനോ അറസ്റ്റ് ചെയ്യാനൊ പോലീസ് തയ്യാറായിട്ടില്ല. സംഘർഷത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാറും പോലീസും സി പി എമ്മും നടത്തുന്ന നീക്കങ്ങളെ ഉൽകണ്ഠയോടെയാണ് സമാധാന കാംഷികളായ പൊതു ജനങ്ങൾ വീക്ഷിക്കുന്നതെന്നും കോഴിക്കോട് ജില്ലാ യു ഡി എഫ് ചെയർമാൻ കെ ബാലനാരായണൻ കൺവീനർ അഹമ്മദ് പുന്നക്കൽ എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി.