ആയഞ്ചേരി : മുക്കടത്തുംവയലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് ആണ് സംഭവം. കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരേവരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ വടകര സ്വദേശി വിനീഷിനും ഓട്ടോയാത്രക്കാരിയായ മൊകേരി സ്വദേശി രേഷ്മയ്ക്കുമാണ് പരിക്കേറ്റത്.
വിനീഷിനെ കണ്ണൂർ മിംസ് ആശുപത്രിയിലും രേഷ്മയെ കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നോവയിലുണ്ടായിരുന്ന മൂന്നുപേരുടെയും പരിക്ക് സാരമുള്ളതല്ല. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. സമീപത്തുണ്ടായിരുന്ന ട്രാൻസ്‌ഫോർമറിലേക്ക് കാർ ഇടിച്ച് ട്രാൻസ്ഫോർമർ പൂർണമായും തകർന്നു. വൈദ്യുതപ്രവാഹം പെട്ടെന്ന് ഓഫ്‌ചെയ്തതുകൊണ്ട് വൻദുരന്തം ഒഴിവായി. അപകടസ്ഥലം കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ സന്ദർശിച്ചു.