BREAKING NEWS
dateTHU 7 AUG, 2025, 4:44 AM IST
dateTHU 7 AUG, 2025, 4:44 AM IST
back
Homeregional
regional
SREELAKSHMI
Tue Aug 05, 2025 11:22 AM IST
അമ്മയിലെ അംഗങ്ങളായ നടിമാരുടെ വാട്സാപ്പ് ​ഗ്രൂപ്പിലെ വിവരങ്ങൾ ചോർത്തിക്കൊടുത്തു; ഉഷ ഹസീനയ്ക്കെതിരെ മാലാ പാർവതി
NewsImage

ടി ഉഷ ഹസീനയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി നടി മാലാ പാർവതി. അമ്മയിൽ അംഗങ്ങളായ നടിമാരുടെ വാട്സാ​ഗ്രൂപ്പിലെ വിവരങ്ങൾ ഉഷ ഒരു യൂട്യൂബ് ചാനലിന് ചോർത്തിക്കൊടുത്തു എന്നാണ് മാലാ പാർവതി ആരോപിച്ചിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ കുറിപ്പുകളായി പോസ്റ്റ് ചെയ്ത വിവരങ്ങൾ പിന്നീട് അവർ ഹൈഡ് ചെയ്തു. തിരഞ്ഞെടുപ്പ് കഴിയും വരെ കുറിപ്പുകൾ എഴുതരുതെന്ന് വിലക്കുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും മാലാ പാർവതി പറഞ്ഞു.

താരസംഘടനയായ അമ്മയിലെ വനിതാ അം​ഗങ്ങൾ ഉൾപ്പെടുന്ന അമ്മയുടെ പെൺമക്കൾ എന്ന വാട്സാപ്പ് ​ഗ്രൂപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളും സംഘടനാ തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് മാലാ പാർവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ ഉണ്ടായിരുന്നത്. സംഘടനയിലെ അം​ഗങ്ങളുടെ പരാതികളടങ്ങിയ മെമ്മറി കാർഡ് കാണാതായ വിവാദത്തെക്കുറിച്ചും അവർ സംസാരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽനിന്ന് ബാബുരാജ് പിന്മാറിയ ശേഷമാണ് ഈ വിവാദം ഉയർന്നതെന്ന് മാലാ പാർവതി ആരോപിക്കുന്നു. ഹേമ കമ്മിറ്റിയിലോ, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന സമയത്തോ ഇങ്ങനെ ഒരു പ്രശ്നം മാധ്യമങ്ങളിൽ കണ്ടതുമില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ, ബാബുരാജിനെ പ്രകീർത്തിച്ച് കൊണ്ട് സംസാരിക്കുന്ന ഉഷ ഹസീനയും പൊന്നമ്മ ബാബുവും പറയുന്ന ആരോപണത്തെ, ഇലക്ഷനുമായി ബന്ധപ്പെട്ട തന്ത്രമായാണ് താൻ കാണുന്നതെന്ന് മാലാ പാർവതി പറഞ്ഞു.

"ജൂലൈ 16ന് ഒരു യൂട്യൂബ് ചാനലിൽ, താര സംഘടനയിൽ ജാതി വൽക്കരണവും, കാവി വൽക്കരണവും എന്ന പേരിൽ ഇറങ്ങിയ വിഡിയോയിൽ, ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടു. പത്ത് മിനിറ്റ് 52 സെക്കൻഡ് ഉള്ള വിഡിയോയിൽ, (- 6.05) -ൽ ഒരു സ്ക്രീൻ ഷോട്ട് പ്രത്യക്ഷമാവുന്നുണ്ട്. ഗ്രൂപ്പിന്റെ ആധികാരികത കാണിക്കാൻ ചെയതതാണ്. എന്നാൽ ആ സ്ക്രീൻ ഷോട്ടിൽ നാലാമത്തെ നമ്പർ. ‘മൈ നമ്പർ’ എന്നാണ് കിടക്കുന്നത്. അപ്പോൾ ആ ഫോണിൽ നിന്നാണ് ആ സ്ക്രീൻ ഷോട്ട് പോയിരിക്കുന്നത്. അതു അഡ്മിന്റെ ഫോണിൽ നിന്ന് തന്നെ. സ്ക്രീൻ ഷോട്ടിലെ മൈ നമ്പർ, നാലാമതാണ് വന്നിരിക്കുന്നത്. ഗ്രൂപ്പംഗങ്ങൾക്കത് ഉഷ ഹസീന ആണ്. അങ്ങനെ വാട്ട്സാപ്പ് രൂപീകരിച്ച്, യൂട്യൂബർക്ക് എക്സ്ക്ലൂസിവ് കണ്ടന്റ് കൊടുക്കുന്നതിൽ, വലിയ പ്രതിഷേധം അംഗങ്ങൾക്കിടയിൽ ഉണ്ടായി. പിന്നീടങ്ങോട്ട് യൂട്യൂബര്‍ ‘അമ്മ’യിൽ നടക്കുന്നതും, നടക്കാനിരിക്കുന്നതുമായ എല്ലാ വിവാദങ്ങളും മുൻ കൂട്ടി പ്രവചിക്കാൻ തുടങ്ങി.’’ മാലാ പാർവതിയുടെ വാക്കുകൾ.

തനിക്കെതിരെ വലിയ ആരോപണങ്ങളാണ് പൊന്നമ്മ ബാബു പറയുന്നതെന്ന് മാലാ പാർവതി പറഞ്ഞു. താനിതിൽ നിന്ന് പിന്മാറണമെന്ന് പറഞ്ഞ് ആരെയൊക്കെയോ ഇടപെടുത്തി എന്ന് അവർ പറഞ്ഞു. തനിക്ക് അതിശയം തോന്നി. ഈ വിഷയവുമായി ബന്ധപ്പെട്ട് ഉഷ ഹസീനയ്ക്ക് ദിവ്യ എസ്. അയ്യർ IAS ന്റെയും മെറിൻ ജോസഫ് IPS -ൻ്റെയും നമ്പറുകൾ ഷെയർ ചെയ്ത് കൊടുത്തിരുന്നു. ഇങ്ങനെ ഒരു വിഷയം നടക്കുന്നു എന്ന് അധികാരികളെ അറിയിക്കുകയും ചെയ്തു. അറിയിച്ചിട്ടുണ്ട് എന്ന് പൊന്നമ്മ ബാബുവിന് വോയിസ് നോട്ടും ഇട്ടു. അതവർ പറയും എന്ന പ്രതീക്ഷ തനിക്കില്ല. ബാബുരാജ് ഇലക്ഷന് നിൽക്കരുത്, എന്ന് പറഞ്ഞത് വ്യക്തിപരമായിരുന്നില്ല. ആരോപണ വിധേയർ ഇലക്ഷനിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്ന അഭിപ്രായക്കാരിയാണ് താൻ. നാമ നിർദേശിക പിൻവലിച്ച് ബാബുരാജ് ഇട്ട പോസ്റ്റിനെ, യൂട്യൂബർ വ്യാഖ്യാനിച്ച് പറഞ്ഞതിൽ പണി വരുന്നുണ്ട് എന്ന് വ്യക്തമാണ്. ശക്തർക്കെതിരെ നിൽക്കുമ്പോൾ അത് സ്വാഭാവികമാണ്. ഇനി വരാനിരിക്കുന്ന വലിയ അറ്റാക്കുകളുടെ മുന്നോടിയായാണ് താൻ ഈ അറ്റാക്കുകളെ കാണുന്നതെന്നും മാലാ പാർവതി പറഞ്ഞു.

അമ്മയുടെ ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് പല പ്രശ്നങ്ങളും തുടങ്ങുന്നത്. മെമ്മറി കാർഡ് കാണാതായതിൽ എക്സിക്യൂട്ടിവിലോ, സബ് കമ്മിറ്റിയിലോ ഭാരവാഹി അല്ലാത്ത കുക്കുവിനെതിരെ ബഹളമുണ്ടാക്കിയിട്ട് എന്ത് കാര്യമാണുള്ളതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. വാട്സാപ്പ് ഗ്രൂപ്പിലെ അഡ്മിനും യൂ ട്യൂബറും, ഒരുമിച്ച് ഒരുപോലെ പറയുന്ന കാര്യങ്ങൾ, ഒരിടത്ത് നിന്ന് ഉത്ഭവിക്കുന്നതാണെന്ന് താൻ നേരത്തെ ശ്രദ്ധിച്ചതാണ്. അതുകൊണ്ടുതന്നെ ഇതൊരു ആസൂത്രിതമായ ആക്രമണമാണ്.

വനിതകളുടെ വാട്സാപ്പ് ​ഗ്രൂപ്പ് തുടങ്ങിയപ്പോൾ സംഘടന പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തതെന്നും ​ഗ്രൂപ്പ് ഭാവിയിൽ അമ്മയിലേക്ക് ലയിപ്പിക്കുമെന്നും അഡ്മിൻ ഭാരവാഹികൾ പറഞ്ഞിരുന്നെന്ന് മാലാ പാർവതി കുറിച്ചിരുന്നു. ഇവിടെ നടക്കുന്നതെല്ലാം അമ്മ അറിയുന്നുണ്ടെന്നും, ഗ്രൂപ്പിലെ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ അമ്മ നടപടി എടുക്കുമെന്നും, ഒരു കാർഡ് തയ്യാറാക്കി ഇടയ്ക്കിടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഈ ഗ്രൂപ്പിലെ വാർത്തകൾ പുറത്ത് വിടരുത് എന്നും നിയമാവലിയിലുണ്ടായിരുന്നു. അമ്മയിലെ എല്ലാ അംഗങ്ങളെയും ഒരു പോലെ കാണാൻ അവർക്ക് സാധിച്ചിരുന്നില്ല. ​ഗ്രൂപ്പ് നിയമങ്ങൾ തെറ്റിച്ചാൽ, അമ്മ നടപടി എടുക്കും എന്നാണ് പറഞ്ഞിരുന്നത്. "അമ്മ" യിൽ ഇപ്പോൾ ഒഫീഷ്യൽ കമ്മിറ്റി നിലവിൽ ഇല്ലാത്ത അവസ്ഥയാണ്, അപ്പോൾ ഈ തീരുമാനം എടുത്തത് ആരാണ് എന്ന് അറിയാൻ ആഗ്രഹമുണ്ട്. സ്വതന്ത്രമായ തീരുമാനങ്ങളും വോട്ടും നൽകാൻ ഈ ഗ്രൂപ്പ് ഒരു തടസ്സമാകുന്നുണ്ട് എന്ന് മനസ്സിലാക്കുന്നതിനാൽ താൻ വാട്സാപ്പ് ​ഗ്രൂപ്പ് വിട്ടുവെന്നും മാലാ പാർവതി പറഞ്ഞു.

ഇക്കാര്യം അറിയിച്ചുകൊണ്ട് താനയച്ച സന്ദേശത്തിന് മറുപടിയായി സരയുവും, അഡ്മിൻ പാനലിലെ ഒരു അഡ്മിനും ഈ വാട്സാപ്പ് ഗ്രൂപ്പിന്, അമ്മയുമായി ബന്ധമില്ല എന്ന് ​ഗ്രൂപ്പിൽത്തന്നെ പറഞ്ഞിരുന്നു. അങ്ങനെ ആണെങ്കിൽ ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് ആർക്ക് വേണ്ടി? ഈ ഗ്രൂപ്പിലെ വിഷയങ്ങൾ അതാത് സമയത്ത് യൂ ട്യൂബർ കണ്ടന്റ് ആക്കുന്നുമുണ്ടായിരുന്നു. ബാബുരാജിൻ്റെ പത്രിക പിൻവലിച്ചതിന് ശേഷം ഉണ്ടായ മെമ്മറി കാർഡ് വിവാദം ഇലക്ഷനെ ഉദ്ദേശിച്ചാണ് എന്ന് താൻ കരുതുന്നു. അല്ലെങ്കിൽ 2018 മുതൽ 2025 വരെയുള്ള ഈ കാലയളവിൽ, എന്തുകൊണ്ട് ഈ വിഷയം ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും അവർ ചോദിച്ചു. ഈ വിശദാംശങ്ങളടങ്ങിയ പോസ്റ്റുകളാണ് മാലാ പാർവതി പിൻവലിച്ചത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE