പേരാമ്പ്ര: നഗരത്തിൽ കുറ്റ്യാടി റോഡിൽ ട്രാഫിക് സ്റ്റേഷന് സമീപം സീബ്രാലൈനിലൂടെ റോഡ് കുറുകെക്കടക്കുന്നതിനിടെ അതിവേഗമെത്തിയ ടിപ്പർലോറിയിടിച്ച് യുവതിക്ക് പരിക്ക്. പന്തിരിക്കര സ്വദേശി മുണ്ടക്കുറ്റി നിഷാദ (37)ക്കാണ് പരിക്കേറ്റത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 11.20-ഓടെയാണ് സംഭവം. ബസിനെ മറികടന്നെത്തിയ ലോറിയാണ് അപകടം വരുത്തിയത്. മകൾക്കൊപ്പം സീബ്രാലൈനിലൂടെ നടക്കുമ്പോൾ മധ്യഭാഗത്തെത്തിയപ്പോളാണ് നിഷാദയെ ലോറി തട്ടിത്തെറിപ്പിച്ചത്. മകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിയുടെ അതിവേഗംകണ്ട് ഇരുവരും ഓടിമാറാൻ ശ്രമിക്കുമ്പോഴേക്കും നിഷാദയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. എതിർഭാഗത്തുനിന്ന് ഓട്ടോ വന്നപ്പോൾ അതിനെ വെട്ടിച്ച് ലോറി പാഞ്ഞെത്തുന്നതും സി.സി.ടി.വി. ദൃശ്യത്തിൽ വ്യക്തമാണ്.
സംഭവത്തിൽ ലോറി ഡ്രൈവറുടെ ലൈസൻസ് എന്നെന്നേക്കുമായി റദ്ദാക്കാൻ പേരാമ്പ്ര ജോ. ആർ.ടി.ഒ. പി. രാജേഷ് നടപടി തുടങ്ങി. ആലപ്പുഴക്കാരനായ കെ.എസ്. മിഥുനാണ് (22) വാഹനം ഓടിച്ചത്. കൊട്ടാരക്കര സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രേഷനുള്ളതാണ് വണ്ടി. അതിവേഗത്തിലും അശ്രദ്ധയോടെയുമാണ് വാഹനമോടിച്ചതെന്ന് അധികൃതർ പറഞ്ഞു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.