
പാലക്കാട്: വീടിനുള്ളിലെ ശുചിമുറിയിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. എലക്കോട് പോന്തക്കോടുള്ള ശിവപ്രസാദ്-സജിത ദമ്പതികളുടെ മകൻ വിശ്വജിത്താണ് (13) മരിച്ചത്. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു വിശ്വജിത്ത്.
സാധാരണപോലെ കുളിക്കാനായി കയറിയതായിരുന്നു വിശ്വജിത്ത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി പുറത്തിറങ്ങാതിരുന്നതോടെ മാതാപിതാക്കൾ ആശങ്കയിലാവുകയും തുടർന്ന് കുളിമുറിയുടെ വാതിൽ പൊളിച്ചു നോക്കിയപ്പോൾ തോർത്തിൽ തൂങ്ങിയ നിലയിൽ വിശ്വജിത്തിനെ കണ്ടെത്തുകയുമായിരുന്നു. ഫുട്ബോൾ അക്കാദമിയിൽ പരിശീലനത്തിന് പോകണമെന്ന് കുട്ടി മാതാപിതാക്കളോട് ആവശ്യപ്പെട്ടപ്പോൾ പരിശീലനം പിന്നീടാകാമെന്ന് രക്ഷിതാക്കൾ പറഞ്ഞിരുന്നു. ഇതിൽ മനംനൊന്താണ് വിശ്വജിത്ത് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.