പട്ന: കടിച്ച പാമ്പിനെ തിരിച്ചുകടിച്ചാൽ വിഷം പാമ്പിലേക്ക് തിരിച്ചുകയറുമെന്ന വിശ്വാസത്തിൽ കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് യുവാവ്. ബിഹാറിലെ രാജൗലിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കടിയേറ്റ പാമ്പ് ചാകുകയും കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാൽ യുവാവിന്റെ ജീവൻ രക്ഷപ്പെടുകയും ചെയ്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജൗലിയിലെ ഒരു വനപ്രദേശത്ത് റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുന്ന സംഘത്തിലെ ജീവനക്കാരനായ സന്തോഷ് ലോഹർ എന്നയാളിനാണ് ഉറങ്ങാൻ കിടന്നപ്പോൾ പാമ്പുകടിയേറ്റത്. പാമ്പിനെ തിരിച്ചുകടിച്ചാൽ പാമ്പുകടിയേറ്റയാൾ രക്ഷപ്പെടുമെന്ന അന്ധവിശ്വസത്തിലാണ് യുവാവ് പാമ്പിനെ പിടികൂടി രണ്ടുതവണ കടിച്ചത്.സഹപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ സന്തോഷിനെ ഉടൻ രാജൗലി സബ്ഡിവിഷൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഏതു പാമ്പാണ് കടിച്ചതെന്ന് വ്യക്തമല്ലെന്നും മരുന്നിനോട് പ്രതികരിച്ചതിനാൽ രക്ഷപ്പെടുത്താൻ കഴിഞ്ഞതായും സന്തോഷിനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.