നാഗർകോവിൽ: കന്യാകുമാരിയിലെ ലോഡ്ജിലെ മൂന്നാംനിലയിൽനിന്നു വഴുതിവീണ ഗുജറാത്ത് സ്വദേശികളായ ദമ്പതിമാർ മരിച്ചു. ബാബാരിയ ഹരിലാൽ ലാൽജി (73), ഭാര്യ ബാബാരിയ ഹൻസാ ബഹേൻ (63) എന്നിവരാണ് മരിച്ചത്.
15 സ്ത്രീകൾ ഉൾപ്പെടെ 26 പേരടങ്ങുന്ന സംഘം ചൊവ്വാഴ്ച ഉച്ചയോടെയാണ് കന്യാകുമാരിയിൽ എത്തിയത്. രാത്രി ലോഡ്ജിൽ താമസിച്ച സംഘത്തിലുള്ളവർ സൂര്യോദയം കാണാൻ ബുധനാഴ്ച രാവിലെ പുറത്തിറങ്ങി. ഹരിലാൽ ലാൽജിയും ഭാര്യയും താമസിച്ചിരുന്ന മുറിയിലെ കതക് തുറക്കാൻ സാധിക്കാതെവന്നപ്പോൾ ഇരുവരും ജനാലവഴി സൺഷേഡിൽ ഇറങ്ങി.സൺഷേഡ് വഴി നടന്ന് മുൻവശത്തേക്കു വരാൻ ശ്രമിക്കുന്നതിനിടെയാണ് താഴെവീണത്. മൂന്നാംനിലയിൽനിന്ന് താഴെവീണ് ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.