തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുള്ള ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി കെ.എസ്. ശബരീനാഥൻ. അഭിനന്ദനം സദുദ്ദേശപരമാണെങ്കിലും വീഴ്ചയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സർക്കാർ ഉദ്യോഗസ്ഥയെന്ന നിലയ്ക്ക് സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കുന്നതിൽ തെറ്റില്ല. എന്നാൽ രാഷ്ട്രീയ നിയമനം ലഭിച്ച ഒരാളെ അഭിനന്ദിച്ചത് അതുപോലെയല്ല. സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തിയോ വിമർശിച്ചോ എഴുതുന്നതിനോട് യോജിപ്പില്ലെന്നും ശബരീനാഥൻ പറഞ്ഞു.
'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം. ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം. കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്!' എന്നായിരുന്നു ദിവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്..