കൊച്ചി: ലഹരി ഉപയോഗിച്ച നടനില്‍നിന്ന് സിനിമാ സെറ്റില്‍ മോശം അനുഭവമുണ്ടായെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ സിനിമാ സംഘടനകള്‍ക്ക് മൗനം. വിന്‍സി സംഘടനയിലെ അംഗമല്ലെന്ന നിലപാടാണ് അഭിനേതാക്കളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റ്‌സ് (അമ്മ) സ്വീകരിക്കുന്നത്. രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സിനിമാ മേഖലയിലെ തൊഴിലാളി സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക)യും പറയുന്നു. അതേസമയം, വിന്‍സിക്ക് പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) രംഗത്തെത്തി.
വിന്‍സി സംഘടനയിലെ അംഗമല്ലെന്നാണ് 'അമ്മ'യുടെ വിശദീകരണം. വിന്‍സി പരസ്യമായി ഉന്നയിച്ച തരത്തിലുള്ള പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സംഘടന പറയുന്നു. വിന്‍സി ഉന്നയിച്ച കാര്യങ്ങളില്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് 'അമ്മ' അഡ്‌ഹോക് കമ്മിറ്റി ഭാരവാഹി ജയന്‍ ചേര്‍ത്തല വ്യക്തമാക്കി. രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന വിശദീകരണമാണ് 'ഫെഫ്ക'യും നല്‍കുന്നത്.
വിന്‍സി പരാതിയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ പിന്തുണ നല്‍കുമെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. വിന്‍സി വെളിപ്പെടുത്തലില്‍ പരാമര്‍ശിച്ച സിനിമാ സെറ്റില്‍ ആഭ്യന്തരപരാതി പരിഹാര സമിതി ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്ന് ദീദി ദാമോദരന്‍ ആവശ്യപ്പെട്ടു. മോശം അനുഭവമുണ്ടായപ്പോള്‍ സിനിമയുടെ സംവിധായകനോ നിര്‍മാതാവോ ഇടപെടണമായിരുന്നു. ലഹരി വസ്തുക്കള്‍ സിനിമ സെറ്റില്‍ സുലഭമാണ്. യഥാര്‍ഥ ഉറവിടത്തിലേക്ക് അന്വേഷണം എത്തണമെന്നും ദീദി ആവശ്യപ്പെട്ടു.
വിന്‍സിയുടെ ആരോപണങ്ങള്‍ നേരത്തെ തന്നെ നിര്‍മാതാക്കളുടെ സംഘടനയടക്കം ഉന്നയിച്ചതാണ്. സെറ്റിലെ ലഹരിവ്യാപനം തടയാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു.