പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ പാലക്കാട്ടെ ബി.ജെ.പി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ, ജില്ല ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
വിഡിയോ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി. ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം, പൊലീസ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽനിന്ന് കോൺഗ്രസ് വിട്ടു നിന്നു. യോഗത്തിൽ ബി.ജെ.പി -സി.പി.എം പ്രതിനിധികൾ പങ്കെടുത്തു. രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകളിലേക്കുള്ള പ്രകടനങ്ങൾ ഒഴിവാക്കാൻ യോഗത്തിൽ തീരുമാനമായി.
പാലക്കാട് നഗരസഭ ആരംഭിക്കുന്ന നൈപുണ്യ വികസനകേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കമാണ് പാലക്കാട് കോൺഗ്രസ്-ബി.ജെ.പി വാക്പോരിലേക്കും കൊലവിളിയിലേക്കും എത്തിച്ചത്. ആർ.എസ്.എസ് നേതാക്കളെ അവഹേളിച്ചാൽ എം.എൽ.എയെ പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രശാന്ത് ശിവൻ ഭീഷണി മുഴക്കിയിരുന്നു.