വടകര: എടോടിയിൽ മൂന്ന് കടകളിൽ മോഷണം നടത്തി മൊബൈൽ ഫോണുകളും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി ഓടയോളചാനകണ്ടി പ്രണവ് (32) ആണ് വടകര പോലീസിന്റെ പിടിയിലായത്. മാഹിയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒന്നാം തിയ്യതി പുലർച്ചയോടെയാണ് മോഷണം നടന്നത്. കടകളുടെ സി.സി. ടി. വി.യുടെ കണക്ഷൻ വിച്ഛേദിച്ച ശേഷമാണ് മോഷണം നടത്തിയത്. ചിപ്പ് എൻ ടെക് മൊബൈൽ ഷോപ്പ്, ന്യുയോർക്ക് റെഡിമെയ്ഡ് ഷോപ്പ്, ഫ്രണ്ട്സ് ബുക്ക് സ്റ്റാൾ എന്നീ കടകളിലാണ് മോഷണം നടത്തിയത്. മൊബൈൽ ഷോപ്പിൽ നിന്നും 2 ലക്ഷം രൂപയോളം വിലവരുന്ന 6 മൊബൈൽ ഫോണുകൾ മോഷണം പോയിരുന്നു. കടയിലെ മേശയിൽ സൂക്ഷിച്ച അയ്യായിരത്തോളം രൂപയും നഷ്ടമായി.
റെഡി മെയിഡ് ഷോപ്പിൽ നിന്നും 1700 രൂപ മോഷണം പോയി കടയിലെ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. ബുക്ക് സ്റ്റാളിൽ നിന്നും 1500 രൂപ നഷ്ടമായി. മൂന്ന് കടകളും അടുത്തായി സ്ഥിതി ചെയ്യുന്നവയാണ്. കെട്ടിടത്തിൻ്റ മേൽക്കൂരയിലെ ഓട് ഇളക്കിയാണ് മോഷ്ടാവ് കടക്ക് അകത്ത് കയറിയത്. സി.സി.ടി.വി കണക്ഷൻ വിഛേദിക്കുന്നതിന് മുമ്പുള്ള മോഷ്ടാവിൻ്റ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇത് പരിശോധിച്ചാണ് അന്വേഷണം നടത്തിയത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. വടകര സി ഐ കെ മുരളീധരന്റെ നിർദേശ പ്രകാരം എസ് ഐ രഞ്ജിത്ത് എം കെ , എ എസ് ഐ ഗണേശൻ, സി പി ഒ സജീവൻ, ഡ്രൈവർ സി പി ഓ രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.