ഗുരുവായൂർ: സെക്കൻഡ് ഷോ കാണാനെത്തിയ കുടുംബം ടിക്കറ്റ് കിട്ടാതെ വന്നതോടെ മറ്റൊരു തിയേറ്ററിലേക്ക് പോയപ്പോൾ ഒപ്പമുണ്ടായിരുന്ന കുട്ടിയെ മറന്നു. ഗുരുവായൂരിലെ ദേവകി തിയേറ്ററിലാണ് സംഭവം നടന്നത്. കരഞ്ഞു നിൽക്കുന്ന ഏഴ് വയസുകാരനെ തിയേറ്ററിലെ ജീവനക്കാരാണ് മാതാപിതാക്കൾക്ക് കെമാറിയത്.
ശനിയാഴ്ച 'ലോക'യുടെ സെക്കൻഡ് ഷോ കാണാനായി ട്രാവലറിൽ എത്തിയ സംഘത്തിലെ കുട്ടിയെയാണ് തിയേറ്ററിൽ വച്ച് മറന്നത്. ആദ്യം ദേവകി തിയേറ്ററിലെത്തിയ സംഘം ടിക്കറ്റ് കിട്ടാതെ വന്നതോടെ പടിഞ്ഞാറെ നടയിലെ അപ്പാസ് തിയേറ്ററിലേക്ക് പോയി. പോകുന്ന വെപ്രാളത്തിൽ കുട്ടി വണ്ടിയിലുണ്ടോയെന്ന് നോക്കാൻ മറന്നു. ഒപ്പമുള്ള ആളുകളെ കാണുന്നില്ലെന്ന് പറഞ്ഞ് കുട്ടി കരയുന്നത് തിയേറ്റർ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. താൻ ട്രാവലറിലാണ് വന്നതെന്നും കുടുംബാഗങ്ങൾ മറ്റൊരു തിയേറ്ററിലേക്ക് പോയെന്നും കുട്ടി വെളിപ്പെടുത്തി.തുടർന്നാണ് ജീവനക്കാർ അപ്പാസ് തിയേറ്ററിൽ വിവരം അറിയിച്ചത്. അപ്പോഴേയ്ക്കും സിനിമയുടെ ഇടവേള സമയം ആകാറായിരുന്നു. തുടർന്ന് അപ്പാസ് തിയേറ്ററിലെ ജീവനക്കാർ സിനിമ നിർത്തിവച്ച് ട്രാവലറിൽ സിനിമ കാണാൻ വന്നിട്ടുള്ളവർ തങ്ങളെ ബന്ധപ്പെടണമെന്നും അവരുടെ ഒപ്പം വന്ന കുട്ടി കൂട്ടം തെറ്റി മറ്റൊരു തിയേറ്രറിലാണെന്നും അനൗൺസ് ചെയ്തു. ഇതറിഞ്ഞ് ട്രാവലറിൽ എത്തിയ സംഘം ആദ്യത്തെ തിയേറ്ററിലെത്തിയപ്പോഴേക്കും കുട്ടിയെ ജീവനക്കാർ പൊലീസിന് കെെമാറിയിരുന്നു. തുടർന്ന് സ്റ്റേഷനിൽ വച്ചാണ് മാതാപിതാക്കൾക്ക് കുട്ടിയെ തിരികെ കിട്ടിയത്.