പുറമേരി : പുറമേരിയിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയിൽ ദന്താശുപത്രിക്കെതിരെ നടപടി. അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാതെയും പഞ്ചായത്തിന്റെ അനുമതിയില്ലാതെയും പ്രവർത്തിച്ച പുറമേരി ടൗണിലെ ഡെന്റൽ പേൾ മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്കിന്റെ പ്രവർത്തനമാണ് ആരോഗ്യവിഭാഗം നിർത്തിവെപ്പിച്ചത്. ബയോമെഡിക്കൽ മാലിന്യം അലക്ഷ്യമായി കൈകാര്യംചെയ്തതുമായി ബന്ധപ്പെട്ട് ആരോഗ്യവിഭാഗത്തിന് ലഭിച്ച പരാതിയെത്തുടർന്ന് ആരോഗ്യവിഭാഗം പരിശോധന നടത്തുകയായിരുന്നു.
പുറമേരി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്.ഐ. കെ. സന്ദീപ് കുമാർ എന്നിവർ നടത്തിയ പരിശോധനയെത്തുടർന്നാണ് നടപടി. സ്ഥാപനത്തിന്റെ പ്രവർത്തനം തുടർന്നാൽ മാരകമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിർത്തിവെക്കാൻ ഉത്തരവ് നൽകിയതെന്നും സ്ഥാപനത്തിനെതിരേ പൊതുജനാരോഗ്യനിയമം 2023 പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ഇസ്മയിൽ പുളിയംവീട്ടിൽ അറിയിച്ചു.