നാദാപുരം: ഏറെ വൈകിയും നീണ്ട ക്യൂവിൽ വോട്ടെടുപ്പ് പൂർത്തിയായ നാദാപുരത്ത് ഓപൺ വോട്ടിനെ ചൊല്ലി വിവിധയിടങ്ങളിൽ തർക്കം. മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് അനുവദിച്ചെന്ന സി.പി.എം പരാതിയിൽ പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു.
കല്ലാച്ചി എം.എൽ.പി സ്കൂളിലെ 162ാം ബൂത്ത് പ്രിസൈഡിങ് ഓഫിസർ പേരാമ്പ്ര സ്വദേശി ഷിനോദിനെയാണ് അറസ്റ്റുചെയ്തത്. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടു. വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത് കണ്ടെത്തിയിരുന്നു. കലക്ടറുടെ നിർദേശത്തെ തുടർന്ന് നാദാപുരം പൊലീസാണ് പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തത്.
പരാതിയെ തുടർന്ന് ഇദ്ദേഹത്തെ ചുമതലയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. തൊട്ടടുത്ത 163ാം ബൂത്തിലും ഓപൺ വോട്ടിനെക്കുറിച്ച് ബൂത്ത് ഏജന്റുമാർ തമ്മിൽ വാക്കേറ്റമുണ്ടായി. നിരവധി ഓപൺ വോട്ടുകൾ ചെയ്ത ബൂത്തിൽ ഒരു സി.പി.എം വോട്ടറെ പ്രിസൈഡിങ് ഓഫിസർ തടഞ്ഞതായാണ് ആരോപണം. ബഹളത്തെ തുടർന്ന് ഏറെ നേരം പോളിങ് തടസ്സപ്പെട്ടു.