
നാദാപുരം: ബുദ്ധിമാന്ദ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ മധ്യവയസ്കന് 13 വർഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ. യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന കേസിൽ അരൂർ പെരുമുണ്ടച്ചേരി സ്വദേശി മന്നികണ്ടിരാജൻ എന്ന ഒട്ടകരാജനെ (61) യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ മേനോൻ ശിക്ഷിച്ചത്. 09 . 09.2026 ന് രാവിലെ അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.
ബഹളം വെച്ചപ്പോൾ ആളുകൾ ഓടികൂടിയ സമയത്ത് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അതിജീവിത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോലീസ് ഇൻസ്പെക്ടർ ഇ.വി ഫായിസ് അലിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി 18 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.