നാദാപുരം: തിരക്കുള്ള റോഡിലൂടെ വിദ്യാർത്ഥികളുടെ അപകടകരമായ കാർ യാത്രയും ഡ്രൈവിംങ്ങും. കല്ലാച്ചി-വളയം റോഡിലാണ് പിന്നിലെ ഡോറിലിരുന്നും പാട്ട് പാടിയും അമിത വേഗതയിൽ അപകടത്തിനിടയാക്കും വിധം കാർ ഓടിച്ചത്. വിദ്യാർത്ഥികളുടെ യാത്രയുടെ ദൃശ്യങ്ങൾ കാറിൻ്റ പിന്നിൽ യാത്ര ചെയ്തവർ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് വൈറലായിട്ടുണ്ട്.
കനത്ത മഴക്ക് പിന്നാലെ ചെറിയ ചാറ്റൽ മഴ പെയ്യുമ്പോഴാണ് റോഡിൽ ഇത്തരത്തിൽ അപകട യാത്ര നടത്തിയത്. ഈ സമയത്ത് നിരവധി വാഹനങ്ങൾ റോഡിലൂടെ പോകുന്നുണ്ടായിരുന്നു. കാറിൻ്റ ഡോറിൽ ഇരുവശത്തുമിരുന്നുള്ള യാത്രയിൽ ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായത്. വിദ്യാർത്ഥികൾ ആയഞ്ചേരി സ്വദേശികളാണെന്നാണ് വിവരം. സംഭവത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്. വാഹന ഉടമയെ പോലീസ് കണ്ടെത്തിയെന്നാണ് വിവരം. വടകര രജിസ്ട്രേഷനിലുള്ള കാറിലാണ് വിദ്യാർത്ഥികൾ അഭ്യാസപ്രകടനങ്ങൾ നടത്തിയത്.