നാദാപുരം: മയക്ക് മരുന്ന് ഉപയോഗത്തിനിടെ ഉണ്ടായ വാക്ക് തർക്കം കല്ലാച്ചിയിൽ കൂട്ടത്തല്ലിൽ കലാശിച്ചു. മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. കല്ലാച്ചി വാണിയൂർ റോഡിൽ രാത്രി എട്ട് മണിയോടെയാണ് ഒരു സംഘം വിദ്യാർത്ഥികൾ തമ്മിൽ തല്ല് നടന്നത്. വാണിയൂർ റോഡിൽ ആൾ താമസമില്ലാത്ത കാട് മൂടിക്കിടക്കുന്ന പറമ്പിലെ വീട്ടിൽ നിന്ന് കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് സംഘർഷത്തിൽ ആദ്യം ഇടപെട്ടത്. 18 കാരനെ ആറോളം പേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രദേശവാസികൾ ഇടപെട്ടെങ്കിലും സംഘം അക്രമം തുടർന്നു. നാട്ടുകാർ എത്തിയതോടെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
മറ്റുള്ളവരെ തടഞ്ഞ് വെച്ച് ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഇടപാടാണെന്ന് വ്യക്തമായത്. നാദാപുരം ,നീലേച്ച് കുന്ന് ,വളയം ,കല്ലാച്ചി , മൊകേരി ,കക്കം വെള്ളി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ ലഹരി ഉപയോഗിക്കാൻ ഒരുമിച്ച് കൂടിയതാണെന്നും ഇതിനിടയിൽ വാക് തർക്കം ഉണ്ടാവുകയും കല്ലാച്ചി സ്വദേശിയെ മർദ്ദിക്കുകയായിരുന്നെന്നുമാണ് വിവരം. സംഘർഷം നടക്കുന്നതറിഞ്ഞ് പോലീസും സ്ഥലത്ത് എത്തി. ഇതേ സമയം മോട്ടോർ ബൈക്കുകളിൽ വിദ്യാർത്ഥികൾ ഇവിടെ എത്തിയെങ്കിലും പോലീസിനെയും നാട്ടുകാരെയും കണ്ട് മടങ്ങി പോവുകയായിരുന്നു.
മേഖലയിൽ നേരത്തെയും ഈ വിദ്യാർത്ഥികൾ ലഹരി ഉപയോഗിച്ച് അക്രമ പ്രവർത്തനം നടത്തിയ സംഘമാണെന്ന് പോലീസ് പറഞ്ഞു. പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികൾ ഉൾപ്പെട്ടതിനാൽ രക്ഷിതാക്കളെ വിളിച്ച് വരുത്തി നിരവധി തവണ താക്കീത് നൽകി വിട്ടയച്ചവരാണെന്നാണ് പോലീസ് മറുപടി. ഇതിനിടെ സംഘർഷത്തിൽ പരിക്കേറ്റ കല്ലാച്ചി സ്വദേശി പോലിസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും നാദാപുരം എസ് എച്ച് ഒ എം.എസ്.സാജൻ അറിയിച്ചു.