
വടകര : മണിയൂർ പോക്സോ കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി.ബാങ്ക് റോഡ് ചങ്ങരോത്ത് റഫീഖിന്റെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവിനെതിരെ പ്രതി സമർപ്പിച്ച അപ്പീൽ തള്ളിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജാമ്യം റദ്ദാക്കപ്പെട്ടതിനെ തുടർന്ന്, പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
നേരത്തേ, കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കിയിരുന്നു. വിധി പ്രസ്താവം വന്നതോടെ ദിവസം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് അവിടെനിന്നും മുങ്ങുകയായിരുന്നു.
പ്രതിയെ പിടികൂടുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി പൊലീസ് സ്റ്റേഷന് മുന്നിൽ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചെങ്ങോട്ടുകാവിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിലവിൽ വൈദ്യ പരിശോധനയ്ക്കായി കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.