
വടകര : നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തുകയായിരുന്ന രണ്ടുതോണികൾ വടകര കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌സ്‌മെന്റ് യൂണിറ്റും ചേർന്ന് പിടികൂടി. ആവിക്കൽഭാഗത്ത് തിങ്കളാഴ്ച പുലർച്ചെ 2.30-ന് നടത്തിയ പരിശോധനയിലാണ് അനധികൃത മീൻപിടിത്തം കണ്ടത്. പ്ലാസ്റ്റിക് കുപ്പികൾ, മരച്ചില്ലകൾ, പൂഴിച്ചാക്ക്, പ്ലാസ്റ്റിക് എന്നിവ കടലിൽത്തള്ളി കൃത്രിമമായി പാരുകൾ നിർമിച്ച് നടത്തുന്ന മത്സ്യബന്ധനമാണിത്. നിയമപ്രകാരം നിരോധിച്ചതാണ്.
തമിഴ്‌നാട് സ്വദേശി ആന്റണി അടിമയുടെ ഉടമസ്ഥതതയിലുള്ള എഫ്ആർപിവി ബെന്നി, കൊല്ലം ഫിഷർമെൻ കോളനിയിലെ രാജൂസിന്റെ അണ്ണയി, വേളാങ്കണ്ണി എന്നീ തോണികളാണ് പിടിച്ചത്. ഇവർക്ക് ആവിക്കൽഭാഗത്തുള്ള ഷംസുദീൻ, അബൂബക്കർ എന്നിവരാണ് നിയമവിരുദ്ധ മത്സ്യബന്ധനത്തിനുള്ള സാമഗ്രികൾ എത്തിച്ചുനൽകുന്നതെന്ന് കോസ്റ്റൽ പോലീസ് പറഞ്ഞു. പയ്യോളി ആവിക്കൽ ബീച്ച് കേന്ദ്രീകരിച്ചാണ് ഇത്തരം മീൻപിടിത്തം കൂടുതലായി നടക്കുന്നത്.
ഇത്തരം മത്സ്യബന്ധനം തുടർന്നും ശ്രദ്ധയിൽപ്പെട്ടാൽ കെഎംഎഫ്ആർ ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കോസ്റ്റൽ ഇൻസ്‌പെക്ടർ സി.എസ്. ദിപു, മറൈൻ എസ്‌ഐ രാജേഷ്, പയ്യോളി എസ്‌ഐ പ്രകാശൻ, ഹരിദാസ്, സിപിഒമാരായ പ്രദീഷ്, ഷനോജ്, അജേഷ്, ഗാർഡുമാരായ നിധീഷ്, ഹമിലേഷ്, ഹോംഗാർഡ് പ്രകാശൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.