BREAKING NEWS
dateWED 8 JAN, 2025, 8:35 AM IST
dateWED 8 JAN, 2025, 8:35 AM IST
back
Homesports
sports
Aswani Neenu
Sat Dec 28, 2024 12:50 PM IST
മൂക്കിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി
NewsImage

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. അഞ്ചരക്കണ്ടി മായമാങ്കണ്ടി രസ്‌ന (30) യാണ് മൂക്കിന്റെ ദശവളർച്ചയ്ക്ക് ശസ്ത്രക്രിയ ചെയ്തപ്പോൾ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയത്.

ഒക്ടോബർ 24-നായിരുന്നു ശസ്ത്രക്രിയ. മൂന്നുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കുശേഷമാണ് കാഴ്ച നഷ്ടപ്പെട്ടതെന്ന് രസ്‌നയുടെ ഭർത്താവ് കെ.ഷജിലും സഹോദരൻ ടി.വി.ശ്രീജിത്തും പത്രസമ്മേളനത്തിൽ പറഞ്ഞു. അപ്പോൾത്തന്നെ രസ്‌ന ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നീർക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നും പറഞ്ഞു. വലതുകണ്ണും അതിന്റെ ചുറ്റും ചുവന്നുതുടുത്തതോടെ ഡോക്ടർമാർ നേത്രരോഗ വിദഗ്ധരെ കാണാൻ നിർദേശിച്ചതായും ഷജിൽ പറഞ്ഞു.

കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പിന് ശസ്ത്രക്രിയാസമയത്ത് ക്ഷതമേറ്റ് രക്തപ്രവാഹം തടസ്സപ്പെട്ടതായാണ് നേത്രചികിത്സാ വിദഗ്ധർ പറഞ്ഞത്. ഉടനെ ചികിത്സ നൽകണമെന്നും നിർദേശിച്ചു. വീണ്ടും മെഡിക്കൽ കോളേജിലെത്തിയപ്പോൾ രക്തം കട്ട പിടിച്ചത് അലിയിക്കാൻ കുത്തിവെപ്പെടുത്തു. രണ്ടാഴ്ചകൊണ്ട് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറഞ്ഞത്. പിറ്റേന്ന് രാത്രിയായിട്ടും മാറ്റമില്ലാതായതോടെ ഡിസ്ചാർജ് ചെയ്ത് കോയമ്പത്തൂർ അരവിന്ദ് കണ്ണാസ്പത്രിയിലെത്തി പരിശോധിച്ചു. അപ്പോഴാണ് വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. ചികിത്സിച്ച് പഴയ രൂപത്തിലാക്കാൻ കഴിയില്ലെന്നും വലതുമൂക്കിന്റെ വശത്തേക്കുള്ള കണ്ണിന്റെ ചലനശേഷി നഷ്ടപ്പെട്ടതായും കണ്ടെത്തി.

കണ്ണൂർ സർവകലാശാല താവക്കര കാംപസിലെ അക്ഷയ കേന്ദ്രത്തിൽ ജീവനക്കാരിയായിരുന്ന രസ്നയ്ക്ക് കാഴ്ച നഷ്ടമായതോടെ ജോലി ചെയ്യാനാകാത്ത സാഹചര്യമാണെന്ന് സഹോദരൻ ശ്രീജിത്ത് പറഞ്ഞു. ഇക്കാര്യത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബന്ധുക്കൾ പറഞ്ഞു. രസ്നയുടെ അച്ഛൻ രാജൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം എം.രമേശൻ, സി.പി.എം. ഏരിയാ കമ്മിറ്റിയംഗം കെ.രജിൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മൂക്കിലെ ശസ്ത്രക്രിയ കണ്ണിനെ ബാധിക്കാൻ സാധ്യതയില്ലെന്നാണ് നേത്രരോഗ വിദഗ്ധരുമായും മറ്റും നടത്തിയ അന്വേഷണത്തിൽ മനസ്സിലായതെന്ന് മെഡിക്കൽ കോളേജ് ജനറൽ മാനേജർ ഡോ. സാജിദ് ഒമർ പറഞ്ഞു. ഡി.എം.ഒ. ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് അധികൃതരെ സമീപിച്ച് ഇക്കാര്യത്തിൽ പരിശോധന ആവശ്യപ്പെടാൻ നേരത്തേതന്നെ പരാതിക്കാരോട് പറഞ്ഞിരുന്നു. തെറ്റുപറ്റിയതായി കണ്ടെത്തിയാൽ തുടർനടപടിക്ക് തയ്യാറാണെന്നും വ്യക്തമാക്കിയതാണ്. തെറ്റുപറ്റിയില്ലെങ്കിലും സഹായിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE