കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം നേതാക്കളടക്കമുള്ള പ്രതികൾക്ക് കൊച്ചി സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചു. 14, 20, 21 പ്രതികൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു.
2019ലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും(21), ശരത്‌ലാലിനെയും( 23) കൊലപ്പെടുത്തിയത്. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം 14 പേർ കുറ്റക്കാരാണെന്ന് ഡിസംബർ 28നാണ് ജഡ്ജി എൻ ശേഷാദ്രിനാഥൻ വിധിച്ചത്. പത്തുപേരെ കുറ്റമുക്തരാക്കി. ശിക്ഷ നേരിടേണ്ട പ്രതികളിൽ പത്ത് പേർക്കെതിരെ കൊലപാതകവും ഗൂഢാലോചനയും തെളിഞ്ഞിരുന്നു.
ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നു മുതൽ എട്ടുവരെ പ്രതികളായ എ.പീതാംബരൻ, സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ (അബു), ഗിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി. രഞ്ജിത്ത്(അപ്പു), 15–ാം പ്രതി എ.സുരേന്ദ്രൻ എന്നിവർക്കെതിരെയാണ് ജീവപര്യന്തം വിധിച്ചത്.
മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാലു പ്രതികളെ അഞ്ചുവർഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. 4-ാം പ്രതി കെ. മണികണ്ഠൻ, 20–ാം പ്രതി മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി, 22–ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരെയാണ് അഞ്ച് വർഷം കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നത്.